Wednesday, August 12, 2009

വിഷുക്കണി

വിഷുക്കണി

M.P.RAGHURAJ

ഭാര്യയും മക്കളും കോട്ടക്കലാണ്‌. അവളുടെ വീട്ടില്‍ നില്‍ക്കാന്‍ പറ്റിയ കാലം വെക്കേഷനു മാത്രമാണ്‌. കൊയമ്പത്തൂരില്‍ നിന്നും വിഷുക്കാലത്ത്‌ ചേച്ചിയും വരും. അയാള്‍ക്ക്‌ ഈ കൊല്ലം വിഷുവില്ല.പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പാണ്‌. 15 ന്‌ രാവിലെ 8 മണിക്ക്‌ നിലമ്പൂരിലെത്തണം. പെട്ടി വാങ്ങാന്‍. അവിടെ എത്തിയാലെ പോളിങ്ങ്‌ സ്റ്റേഷനും ഒപ്പം ഉള്ളവരേയും അറിയൂ. പ്രിസൈഡിങ്ങ്‌ ഓഫീസര്‍ - അതാണയാളുടെ പോസ്റ്റ്‌. ഒരു ബൂത്തിന്റെ മൊത്തം ചാര്‍ജ്ജ്‌. ഹാന്റ്‌ ബുക്ക്‌ പലതവണ മറിച്ചു നോക്കി. ഒരു പരിപൂര്‍ണ്ണത കിട്ടുന്നില്ല. ഉറക്കവും വരുന്നില്ല. പുറത്തുപോയി 2 എണ്ണം വീശി വന്നാലോ. വേണ്ട. ഭാരയും ഇവിടെ ഇല്ലാത്തതാണ്‌. പ്രായമായ അച്ഛനും അമ്മയും ജന്മനാ ബധിരനും മൂകനുമായ ഒരനിയനും മാത്രമാണ്‌ ഇപ്പോള്‍ വീട്ടിലുള്ളത്‌. കഴിച്ച വണ്ടി ഓടിക്കുന്നത്‌ അത്ര ശരിയല്ല. അത്‌ വേണ്ടെന്ന്‌ വച്ചു. അളിയനും പ്രിസൈഡിങ്ങ്‌ ആഫീസറാണ്‌. അദ്ദേഹത്തിന്റെ അടുത്ത്‌ ചെന്ന്‌ കമ്പൈന്‍ സ്റ്റഡി നടത്താന്‍ തീരുമാനിച്ചു. ഒരു വിധം ഐഡിയ കിട്ടി. വേട്ടിങ്ങ എല്ലാം കഴിഞ്ഞ്‌ ടോട്ടല്‍ നോക്കുമ്പോള്‍ 0 ആകുമോ എന്നാണ്‌ പേടി. കാരണം .യന്ത്രമല്ലെ!!പിറ്റേന്ന്‌ പ്രദീപ്‌ മാസ്റ്റര്‍ വിളിക്കുന്നു. മൂപ്പരും പ്രിസൈഡിങ്ങാണ്‌. എടാ ഒന്നിവിടം വരെ വാ. ഞാന്‍ രവീന്ദ്രനേയും വിളിച്ചിട്ടുണ്ട്‌. നമുക്ക്‌ ഒന്ന്‌ നോക്കാം.ഉടന്‍ ടൂവിലറുമെടുത്ത്‌ പ്രദീപിന്റെ വീട്ടില്‍. രാജീ്‌ ടീച്ചര്‍ സുസ്‌മേര വദനയായി. എത്ര പേര്‍ക്ക്‌ ചോറുവേണം. ഏയ്‌ ഒന്നും വേണ്ട എന്ന മറുപടി കാത്തു നില്‌കാതെ ഉണ്ടിട്ടു പോയാല്‍ മതി എന്നും പറഞ്ഞ്‌ ആ മിനുക്കു വേഷം അടുക്കളയിലേക്കു മറഞ്ഞു..മുറിയുടെ ഒരു മൂലയില്‍ കുറെ കമ്പിത്തിരിയും പടക്കവും കൂട്ടിയിട്ടിട്ടുണ്ട്‌. നാളെ വിഷുവാണല്ലൊ. ഞങ്ങള്‍ നാലു പേര്‌ കുന്നംകുളത്തുനിന്നും ഒന്നിച്ച്‌ എടുത്തതാണ്‌. നല്ല ലാഭമാണ്‌. അത്‌ അദ്ദേഹത്തിന്റെ ഒരു രീതിയാണ്‌. ലാഭം മാത്രം നോക്കിയുള്ള ഒരു ജീവിതം. ബ്ലെയ്‌ഡ്‌ , പലിശ തുടങ്ങ ഒരു പാട്‌ വ്യാപാരം അദ്ദേഹത്തിനുണ്ട്‌. പഠനം തുടങ്ങി. ഉച്ചയായി പപ്പടം കാച്ചുന്ന മണം മൂക്കിലേക്കടിച്ചപ്പോള്‍ പ്രദീപ്‌ മാസ്റ്റര്‍ എഴുന്നേറ്റു. അച്ഛന്റെ അടുത്ത് പോകാം .അദ്‌#േഹം തൊട്ടടുത്ത മറ്റൊരു കൊട്ടാരത്തിലാണ്‌. മകളുടെ വീട്ടില്‍. മകളും മരുമകനും ഗള്‍ഫിലാണ്‌. ടീഷര്‍ട്ടും ഇട്ട്‌ ചുറുചുറുക്കുള്ള ഒരു 80 കാരനാണച്ഛന്‍. അദ്ദേഹം സല്‍ക്കരിച്ചു . ടീച്ചര്‍ ചോറും തന്നു.പഠനം കഴിഞ്ഞ്‌ വീട്ടിലെത്തി. എങ്കിലും ടെന്‍ഷന്‍ ബാക്കി. കാരണം കിത്താബിലുള്ളത്‌ പഠിച്ചുള്ള എഴുത്തുപരീക്ഷയല്ലല്ലോ. ബൂത്തിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ ഉടനുടന്‍ പരിഹാരം കാണമമല്ലോ. ഡയറിയില്‍ ഒരുവിധമെല്ലാം എഴുതിവെച്ചു. പത്രം, വീക്കിലി ഒന്നു മറിച്ചു നോക്കി. അതൊന്നും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. ഉറക്കം വരാന്‍ ഒരു അവില്‍-25 കഴിച്ചു കിടന്നു. നാളെ വിഷുവാണ്‌. കണി കാണണം.4 മണി കഴിഞ്ഞ്‌ അമ്മയുടെ വിളികേട്ടാണ്‌ ഉണര്‍ന്നത്‌. കണി വെച്ചിട്ടുണ്ട്‌. കണ്ടൊ. മക്കളും ഭാര്യയും അടുത്തില്ല. ഏതായാലും കണ്ണുതിരുമ്മി എഴുന്നേറ്റു. ഉരുളിയില്‍ പാടത്തുണ്ടായ കണി വെള്ളരിക്കയും, ചക്കയും എല്ലാം പ്രതീക്ഷിച്ച്‌ ചെന്നിരുന്നു. അപ്രതീക്ഷിതമായി ഉരുളിയില്‍ കണ്ടത്‌ കണ്‍ട്രോള്‍ യൂണിറ്റും വോട്ടര്‍ പട്ടികയുമാണ്‌. ആദ്യമായി വിഷുക്കണി കണ്ട്‌ ഞെട്ടി നിലവിളിച്ചു. അമ്മ ഓടി വന്നു. അപ്പോഴും അയാള്‍ കണ്‍ട്രോള്‍ യൂണിറ്റ്‌ എന്നു ചൂണ്ടിപ്പറയുന്നുണ്ടായിരുന്നു. എന്താ നെണക്ക്‌, പ്രാന്താ? ഇത്‌ വെള്ളരിക്കയല്ലെ. അത്‌ ചക്കയല്ലെ എന്നെല്ലാം അമ്മ പറയുന്നുണ്ടായിരുന്നു

No comments: