മരിക്കാത്ത ഓര്‍മ്മകള്‍
SWAYAMPRABHA IX Eബാംഗ്ലൂരിലേക്കുള്ള ആ യാത്ര മറക്കാന്‍ കഴിയാത്ത ഒന്നാണ്. നിശ്ചയിച്ചായിരുന്നില്ല പോയത്. തലേദിവസം അച്ഛനും അമ്മയും എന്തോ പറയുന്നുണ്ട്, ഞാനത് ശ്രദ്ധിച്ചില്ല. പിന്നെയാണമ്മ പറഞ്ഞത്, നാളെ ബാംഗ്ലൂരില്‍ പോവുകയാണെന്ന്. ഇതു കേട്ട പാതി ഞാന്‍ ഡ്രസ്സെല്ലാം ബാഗിലാക്കി എന്നിട്ടു പോയി കിടന്നുറങ്ങി. നേരം ഇത്ര പെട്ടന്ന് പുലര്ന്നോ ഞാന്‍ കണ്ണുതിരുമ്മി ക്ലോക്കിലേക്ക് നോക്കി. ഏഴുമണി. ഞാന്‍ ധൃതിയില്‍ ചാടിയെണീറ്റു കുളിച്ചു പോവാന്‍ ഒരുങ്ങി നിന്നു. കുറ്റിപ്പുറം സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ കയറിയത്. ഞായറാഴ്ചയായതുകൊണ്ടാണെന്ന് തോന്നുന്നു ഭയങ്കര തിരക്ക്. ഏകദേശം ശ്വാസം മുട്ടുന്നത് പോലെയുണ്ട്. ട്രെയിന്‍ സഞ്ചരിക്കാത്തതുപോലെയും. ദീര്‍ഘസമയത്തിനുശേഷമൊന്ന് തിരക്കൊഴിഞ്ഞു. ഞങ്ങള്‍ക്ക് സീറ്റ് കിട്ടി. ഞാന്‍ ജനലിനടുത്താണ് ഇരുന്നത്. പുറം ലോകത്തെ കാഴ്ചയില്‍ ഞാന്‍ മതിമറന്നിരുന്നുപോയി. ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് ഞാന്‍ സമയമറിയുന്നത്. പന്ത്രണ്ടുമണി. കാപ്പിയും, ചായയും അങ്ങനെ പലതുമായി വില്പനക്കാര് വന്നിട്ടുണ്ട്. കാപ്പികുടിക്കാനുള്ള ആഗ്രഹം മനസിലുദിച്ചു. ആഗ്രഹം മനസ്സിലാക്കിയെന്നമട്ടില്‍ അച്ഛന് കാപ്പി വാങ്ങിതന്നു.പിന്നീടുള്ള കുറെ സമയത്തെ ട്രെയിന്‍ യാത്ര എന്നെ ഹരംകൊള്ളിച്ചു. സന്ധ്യയായതറിഞ്ഞില്ല. കുന്നിന് ചരിവിന്റെ വലതുവശത്തുകൂടെ ട്രെയിന്‍ ചാഞ്ഞും ചരിഞ്ഞും ചൂളമിട്ടുകൊണ്ടും പോയ്ക്കൊണ്ടിരുന്നു. സന്ധ്യമയങ്ങുംതോറും മഴക്കാറും കൂടി വന്നു. മഴപെയ്യാന്‍ തുടങ്ങിയതോടെ ഒരിളം തണുപ്പ് പടര്‍ന്നു. ട്രെയിനിന്റെ ജനലഴികളില്‍ ഒളിഞ്ഞിരുന്ന ഗ്ലാസ് താഴ്ത്തി. ആകെ ഒരിരുട്ടായി പുറംലോകം കാണപ്പെട്ടു. കുന്നിന് ചരിവിലെ ഓലക്കുടിലുകളിലെ നാളെ എന്റെ കണ്ണിനെ വിസ്മയം കൊള്ളിച്ചു. ഏകദേശം കുന്നും, മലയും കടന്ന് നഗരങ്ങളുടെ അടുത്തെത്തിയെന്ന് തോന്നുന്നു. സൂര്യനുദിച്ചപോലെ, നിറയെ പ്രകാശം, ട്രെയിന്‍ നിശ്ചലമായി. അച്ഛനെന്നെ വിളിച്ചു. ഇറങ്ങ്. ഞാനെണീറ്റ് പുറത്തേക്കു കടന്നു. കുളിരുനിറഞ്ഞ മഴ കയ്യില്‍ കുടയില്ല. എങ്കിലും നനയാതെ ഒരു ഷെഡില്‍ കയറി നിന്നു. അമ്മായിയും മകനും കൂടി ഞങ്ങളെ വിളിക്കാന്‍ വന്നിരുന്നു. താമസിയാതെ ഞങ്ങളവരുടെ കാറില്‍ കയറി അവരുടെ വീട്ടിലേക്ക് തിരിച്ചു. മഴയായതിനാല്‍ പുറംലോകഭംഗി ആസ്വദിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വീടെത്തിയതറിഞ്ഞില്ല. ഞാന്‍ കാറില്‍ നിന്ന് ചാടിയെണീറ്റ് വീടിനുള്ളില്‍ കയറി. മേമയും കുട്ടിയും ഞങ്ങളെ ആഗതം ചെയ്തു. ചെറിയൊരു തലവേദനയെന്നെ അലട്ടിയിരുന്നു. ഞാന്‍ ഭക്ഷണം കഴിച്ചയുടനെ കിടന്നുറങ്ങി. ഉറക്കം വന്നതറിഞ്ഞില്ല. പിന്നെ സൂര്യപ്രകാശ രശ്മികള്‍ കണ്ണിനെ ഇക്കിളിയാക്കുമ്പോഴാണ് ഞാന്‍ കണ്ണുമിഴിക്കുന്നത്.എങ്കിലും ഞാന്‍ ജനാലയോട് ചേര്‍ന്നിരുന്നു. ഓര്‍മ്മകളോരോന്നായ് പെറുക്കിയെടുത്തു. ഒരു മാലകോര്‍ക്കാനുണ്ട്. വിട പറയുമ്പോള്‍ ചെറിയൊരു സങ്കടം ഇളം കാറ്റ് എന്നോടൊത്തുകൂടി പിന്നെ ഉറങ്ങി പുലര്ച്ചയായി ഉണര്‍ന്നു നോക്കുമ്പോള്‍ കുറ്റിപ്പുറം സ്റ്റേഷനിലെത്തിയിരിക്കുന്നു. ഓട്ടോയില്‍ ഞങ്ങള്‍ വീട്ടിലെത്തി. ബാംഗ്ലൂരിലേക്കുള്ള യാത്ര മറക്കാന്‍ കഴിയാത്ത ഒന്നായി. എന്തിന്! ഹൃദയസ്പര്‍ശിയായി ഇന്നും മരിക്കാതെ ഇനി ഒരിക്കലും മരണമില്ലാതെ എന്റെ ചില്ലിട്ടുവച്ച ഓര്‍മ്മകളില്‍ ഓടിക്കളിക്കുന്നു.