Saturday, November 8, 2008

സ്വാതിപ്രഭയുടെ രചനകള്‍












സ്വാതിപ്രഭ. കെ. IX-E
കഥ
മാറുന്ന മലയാളി

പൊട്ടിച്ചിതറിയ വളപ്പൊട്ടുകള്‍ പെറുക്കിയും ഇത്തിള്‍പൂവിന്റെ ചുവപ്പന്വേഷിച്ചും അപ്പൂപ്പന്‍ താടിയുടെ പിന്നാലെ പാഞ്ഞും നടന്ന കുട്ടിക്കാലം. അവളുടെ ഓര്‍മയില്‍ വന്നെത്തിനോക്കി. മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ മാങ്ങ വീഴുന്നതും കാത്തിരിക്കുമ്പോള്‍ അവളറിഞ്ഞിരുന്നില്ല കാലത്തിന്റെ കുത്തൊഴുക്ക്‌. അവള്‍ക്ക്‌ പ്രകൃതിയുടെ നിറം കാണിച്ചുകൊടുത്തത്‌ മുത്തശ്ശിയായിരുന്നു. മുത്തശ്ശിയുടെ മരണത്തോടെ അവളും അമ്മയും അച്ഛന്റെ കൂടെ നഗരത്തിലെത്തി. നഗരത്തിലെ ജീവിതം അവള്‍ക്ക്‌ ദുസ്സഹമായിരുന്നെങ്കിലും പതുക്കെ പതുക്കെ അവള്‍ അതിനോട്‌ പൊരുത്തപ്പെട്ടു. ഇന്നവള്‍ നഗരത്തിലെ തിരക്കുപിടിച്ച ഡോക്‌ടറാണ്‌. അവള്‍ ഇടക്ക്‌ ആലോചിക്കും. തന്റെ കുഞ്ഞുങ്ങള്‍ക്ക്‌ നഷ്‌ടപ്പെട്ടതെന്താണെന്ന്‌. അവര്‍ക്ക്‌ മാനം കാണാതെ കിടക്കുന്ന മയില്‍പ്പീലിയെയും അവക്കുണ്ടാകുന്ന കുഞ്ഞുങ്ങളെയും അറിയില്ല. കൈതപ്പൂവിന്റെ മണവും മൂവാണ്ടന്‍ മാങ്ങയുടെ രുചിയും അറിയില്ല. മണ്ണിന്റെ മണം അറിയില്ല. എന്തിന്‌ മണ്ണുപോലും കണ്ടിട്ടില്ല. 'Mamma, look at this, What is this' അവളുടെ ഓര്‍മകള്‍ക്ക്‌ മുറിവേല്‍പിച്ചുകൊണ്ട്‌ ഇളയമകള്‍ ദിയ ചോദിച്ചു. അവള്‍ കുറച്ചുനേരം അതിലേക്കു തന്നെ നോക്കിയിരുന്ന. പണ്ട്‌ അവളുടെ അദ്ധ്യാപകന്‍ അവള്‍ക്ക്‌ സമ്മാനിച്ച ഒരു പുസ്‌തകമായിരുന്നു അത്‌. ഇംഗ്ലീഷ്‌ പുസ്‌തകമായിരുന്നെങ്കിലും അതിലെന്തോ കുറിച്ചിട്ടിരുന്നു. അവള്‍ മറുപടി പറയും മുന്‍പ്‌ അവളുടെ മകന്‍ അതിനുത്തരം കണ്ടെത്തിക്കഴിഞ്ഞു. ദിയ ഒന്നും മനസ്സിലാകാതെ ആ കുറിപ്പിലേക്കുതന്നെ നോക്കി നിന്നു. 'do you know this is our old language Malayalam' ദിയ ഒന്നും മനസ്സിലാകാതെ ആ കുറിപ്പിലേക്കുതന്നെ നോക്കി നിന്നു.


കവിത
മഴ ചതിച്ചപ്പോള്‍

കാര്‍മേഘങ്ങള്‍ കരയുമ്പോള്‍
കണ്ണീര്‍ ഭൂമിയില്‍ ചൊരിയുന്നു
സ്വപ്‌നങ്ങള്‍ക്കു നിറം ചാര്‍ത്തി
കര്‍ഷകരോ കൃഷി ചെയ്യുന്നു.
വിത്തിറക്കാന്‍ പണവുമായി
ബാങ്കുകള്‍ ക്യൂവായ്‌ നില്‍ക്കുന്നു
വിത്തിറക്കി വിളവിറക്കി
വിളകൊയ്യാന്‍ കാലമായി
ആകാശം കലിപൂണ്ടെത്തി
കരയും കടലും അറിയാതായ്‌
വയലില്‍ വെള്ളം കയറി
നെല്ലും പതിരും അറിയാതായ്‌
വായ്‌പയടക്കാന്‍ പണമില്ല
സ്വപ്‌നങ്ങള്‍ക്കു നിറം മങ്ങി
അവന്റെ മുമ്പിലെ വാതിലുകളെല്ലാം
അടഞ്ഞപ്പോള്‍, മരണത്തിന്റെ വാതില്‍
തള്ളിത്തുറന്ന്‌ അവന്‍ യാത്രയായ്‌.


മഴയോട്‌

ആത്മാക്കളുടെ സന്തോഷമാണ്‌ മഴ

അത്‌ ഭൂമിയില്‍ പെയ്‌തിറങ്ങുന്നു

വയലുകളുടേയും കുളങ്ങളുടേയും ദാഹം തീര്‍ക്കുന്നു.

അല്ല, ഇന്നെവിടെ വയലുകള്‍?

എവിടെ കുളങ്ങള്‍?

തല ഉയര്‍ത്തി നില്‍ക്കുന്ന ഫ്‌ളാറ്റുകള്‍ക്കിടയില്‍

നിന്നൊരു തേങ്ങല്‍

വയലുകളുടേയും കുളങ്ങളുടേയും കണ്ണീര്‍

മനുഷ്യന്റെ അതിബുദ്ധി

അതുംഊറ്റിക്കുടിക്കുന്നു.

മഴേ, നീ ഇനിഎന്തിനു പെയ്യണം

വെള്ളമുണ്ടാക്കുനുള്ള യന്ത്രം

മനുഷ്യന്‍ കണ്ടുപിടിക്കട്ടെ

ഇനി നീ പെയ്യാതിരിക്കൂ....

മറന്നുവച്ച സ്വപ്‌നങ്ങള്‍

രക്തം ചിന്തിക്കൊണ്ടെരിഞ്ഞടങ്ങുന്ന സൂര്യനെ നോക്കി അവള്‍ ഇരുന്നു. അവളുടെ കണ്ണുകള്‍ എന്തിനെയോ തേടുന്നുണ്ടായിരുന്നു. ഒരിറ്റു സ്‌നേഹത്തിനായി കേഴുന്ന അവളുടെ കണ്ണുകളില്‍ ഭയത്തിന്റെ മുഖം തെളിഞ്ഞുവന്നു. പണ്ട്‌ അവള്‍ സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിലായിരുന്നു. പക്ഷെ, ഇന്നവള്‍ക്ക്‌ കൂട്ടിന്‌ ഒരാള്‍ മാത്രമേയുള്ളൂ. ഏകാന്തത. ഇന്നവള്‍ അതിനോട്‌ വളരെയധികം പോരുത്തപ്പെട്ടു കഴിഞ്ഞു. അവളുടെ കണ്ണുകള്‍ എന്തിനെയോ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. തന്റെ ഇരക്കുവേണ്ടി വല നെയ്‌ത്‌ കാത്തിരിക്കുന്ന ചിലന്തി. അതിനെ പരിഹസിക്കുന്ന മട്ടില്‍ വലയിലേക്കാഞ്ഞും തിരികെ പറന്നും കളിക്കുന്ന ഇയാംപാറ്റ. മരണം അതിനടുത്തെത്തി എന്നു തോന്നുന്നു. ഒരായിരം മരണക്കുരുക്കുകളായി പാറ്റയെ ചുറ്റിവരിഞ്ഞു. അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അവള്‍ ഭിത്തിയില്‍ തല ചാരിവച്ച്‌ ഇരുന്നു. അവളുടെ ഓര്‍മകള്‍ പുറകോട്ടു പോയി. അന്ന്‌, ആ നശിച്ച ദിവസം. ഞാനെന്തിനാണ്‌ അവിടെ പോയത്‌? അന്നും പതിവുപോലെ അവള്‍ കമ്പ്യൂട്ടര്‍ ക്ലാസു കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു. ഐസ്‌ക്രീം പാര്‍ലറിനു മുമ്പിലെത്തിയപ്പോള്‍ അവളൊന്നു നിന്നു. അവളുടെ കണ്ണുകള്‍ എന്തിനോ വേണ്ടി ചലിച്ചുകൊണ്ടിരുന്നു. ഒരു ചുവപ്പു പെയിന്റടിച്ച ബൈക്ക്‌ അവളുടെ ദൃഷ്‌ടിയില്‍പ്പെട്ടു. വെളുത്ത്‌ മെലിഞ്ഞ ഒരാള്‍ അവലെ കൈകാട്ടി വിളിച്ചു. മുഖത്ത്‌ കുറച്ച്‌ പിണക്കം വാരിത്തേച്ചുകൊണ്ട്‌ അവള്‍ അയാളുടെ അടുത്തേക്ക്‌ നടന്നു. എന്താ നിന്റെ മുഖത്തിനൊരു കനം ? അവന്‍ ചോദിച്ചു. ഇത്രയും ദിവസം എന്നെയൊന്നു വിളിച്ചോ? അവള്‍ പരിഭവത്തോടെ ചോദിച്ചു. അവന്‍ പോക്കറ്റില്‍ നിന്നും ഫോണെടുത്ത്‌ അവളുടെ കൈയ്യില്‍ വെച്ചുകൊടുത്തു. എന്നിട്ട്‌ പറഞ്ഞു. നോക്ക്‌, നീ തന്നെ നോക്ക്‌ ഞാനെത്ര തവണ വിളച്ചുവെന്ന്‌. നീയെന്താ ഫോണെടുക്കാഞ്ഞേ? അയ്യോ അതു പറയാന്‍ മറുന്നു. എന്റെ ഫോണ്‍ അച്ഛന്‍ കണ്ടുപിടിച്ചു. പിന്നെ ഡെയ്‌സിയുടേതാണെന്ന്‌ പറഞ്ഞ്‌ ആ പ്രശ്‌നം സോള്‍വ്‌ ചെയ്‌തു. സോറി. അവള്‍ കുറ്റബോധത്തോടെ പറഞ്ഞു. തേരീ ഹാത്‌ മേം മേരീ ഹാത്‌ ഹേ, അവന്റെ ഫോണ്‍ പാടാന്‍ തുടങ്ങി. അവന്‍ ധൃതിയില്‍ ഫോണെടുത്ത്‌ പറഞ്ഞു. എല്ലാം ഓക്കെയല്ലേ. അവന്‍ വേഗം ഫോണ്‍ കട്ട്‌ ചെയ്‌തു, വാ വേഗം കേറ്‌, നമുക്കൊരിടം വരെ പോകാനുണ്ട്‌. അവന്‍ ബൈക്കില്‍ കയറി. ഏയ്‌ ഞാനില്ല. അവള്‍ ഒഴിഞ്ഞുമാറി. അപ്പോ നിനക്കെന്നെ വിശ്വാസമില്ല അല്ലേ. അവന്റെ മുഖം ചുവന്നു. അവള്‍ മറുത്തൊന്നും പറയാതെ വണ്ടിയില്‍ കയറി. അവര്‍ ചെന്നെത്തിയത്‌ ഒരു വലിയ വീട്ടിലായിരുന്നു. അവന്‍ അവള്‍ക്ക്‌ അവന്റെ കൂട്ടുകാരെ പരിചയപ്പെടുത്തിക്കൊടുത്തു. പിന്നെ ഒന്നും അവള്‍ക്കോര്‍മ്മയില്ല. ഓര്‍ക്കാന്‍ ഇഷ്‌ടവുമില്ല. ബോധം വന്നപ്പോള്‍ അവള്‍ ആശുപത്രിയിലായിരുന്നു. ഇന്നവള്‍ക്ക്‌ കൂട്ടിന്‌ കഥ പറഞ്ഞു തരുന്ന മുത്തശ്ശിയും അവളുടെ വരവു കാത്തിരിക്കുന്ന കുഞ്ഞനുജനും മീനൂട്ടി എന്നവളെ വിളിക്കുന്ന അമ്മയും അച്ഛനും ഇല്ല.അന്ന്‌ ആ രാത്രിയില്‍ അവള്‍ തന്റെ സ്വപ്‌നങ്ങളും ലക്ഷ്യവുമെല്ലാം മറന്നു. ഇന്നവള്‍ ഒരു കൂട്ടം ഭ്രാന്തന്മാരുടെ ഇടയിലാണ്‌. അവരുടേതാണല്ലോ കിനാവുകളില്ലാത്ത ലോകം.

3 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കഥയും കവിതയും നന്നായിട്ടുണ്ട്.
ആശംസകള്‍.

Unknown said...

fine

Deepumon said...

nannaitundu...............nice