Wednesday, December 24, 2008
Tuesday, December 16, 2008
ഉരുക്കുമനുഷ്യന്‍
നിതികേടിനോടുമുള്ള സന്ധിയില്ലാത്ത സമരമാണ് കേളപ്പന്‍ എന്ന നാമധേയം നമ്മുടെ ഓര്‍മ്മയില്‍ കൊണ്ടുവരുന്നത്. ഒതേനനു ജന്മം നല്‍കിയ ഉത്തരകേരളത്തിലെ വീരന്മാരുടെ സംസ്‌കാരമാണ് ആ ജീവിതത്തിനും നിറം കൊടുത്തതെന്നു പറഞ്ഞാല്‍ തെറ്റില്ല. ആ സംസ്‌കാര സ്രോതസ്സില്‍ മുളച്ചുപൊന്തിയ ജീവിതം, ഗാന്ധിയെന്ന ഉദയാര്‍ക്കന്റെ കുങ്കുമപ്രഭ തട്ടി വിടര്‍ന്നപ്പോള്‍ അത് കേരളത്തിലെ സാമൂഹ്യജീവിതമണ്‌ഡലത്തില്‍ അഹിംസാത്മകയുദ്ധത്തിന്റെ അത്ഭുതശക്തിയായി രൂപാന്തരപ്പെട്ടു എന്നുമാത്രം. ഒന്നോര്‍ത്താല്‍ ആ ജീവിതവും പ്രവൃത്തികളും ആര്‍ക്കുംവേണ്ടി നിര്‍വഹിക്കപ്പെട്ടതല്ല, അതൊരു ആത്മപ്രേരണയുടെ അദമ്യമായ ആവിഷ്‌കരണം മാത്രമായിരുന്നു. അതങ്ങനെയായിരുന്നില്ലെങ്കില്‍ അദ്ദേഹം അസന്തുഷ്‌ടനാകുമായിരുന്നു, അസ്വസ്ഥനാകുമായിരുന്നു. അതാണു വസ്‌തുത.ജീവിച്ചിരുന്ന കാലമത്രയും കൂടെ നടന്നപ്പോഴെല്ലാം നമ്മിലൊരുവനെപ്പോലെ മാത്രം നാം അദ്ദേഹത്തെ കണ്ടു എന്നതാണ് നമുക്കു പറ്റിയ തെറ്റ്. ആ ജീവിതത്തിന്റെ ആഴവും പരപ്പും ശരിക്കും കണ്ടറിയാന്‍ വൈകിപ്പോയി. കണ്ടറിയാന്‍ ശ്രമിക്കുമ്പോഴേക്ക് അതാ, സംഭവബഹുലമായ സ്വന്തം ജീവിതത്തെ സംഗലേപരഹിതനായി തിരിഞ്ഞു നോക്കി പുഞ്ചിരി പൊഴിച്ചുകൊണ്ട് മുള്ളന്‍പന്നിയുടെ പീലിപോലെ എഴുന്നുനില്‍ക്കുന്ന മുടിയും നിബിഡമായ ശ്രവണരോമങ്ങളും പ്രോജ്ജ്വലിക്കുന്ന വലിയ കണ്ണകളുമായി, മുറിക്കയ്യന്‍ ഷര്‍ട്ടിട്ട ഹ്രസ്വകായനായ ആ ഉരുക്കുമനുഷ്യന്‍ പെട്ടെന്നു കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞുകളഞ്ഞു. ദയവുചെയ്‌ത് എന്നെ ആരാധിച്ചകറ്റാതെ അനുകരിക്കാന്‍ ശ്രമിച്ച് എന്നെ സന്തുഷ്‌ടനാക്കൂ. എന്നൊരു കനത്ത താക്കീതിന്റെ മുഴക്കമുള്ള ശബ്‌ദം മാത്രം യവനികയ്‌ക്കുള്ളില്‍ നിന്നു പുറപ്പെട്ട് ഇന്നും മാറ്റൊലിക്കൊള്ളുന്നു !
from'KELAPPAN' by Prof. M.P.Manmadhan